ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ജനുവരി 2023 (16:25 IST)
ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഈ മാസം 23നു  ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
 
1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ത്താണ് നിയമ ഭേദഗതി.  ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും  ഭേദഗതി ചെയ്യും.
 
ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article