ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ചെറുതോണി ഡാം തുറക്കേണ്ടി വരില്ല, ട്രയൽ റൺ തീരുമാനമായിട്ടില്ല

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (09:40 IST)
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്റർ. തിങ്കളാഴ്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്ക്. അതേസമയം, ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ വെള്ളം 2395.84 അടിയായി ഉയർന്നിരിക്കുകയാണ്. 
 
രാവിലെ ആറു മണിക്കുള്ള റീഡിങ്ങിൽ ഇത് 2395.80 അടിയായിരുന്നു. 7 മണിക്കുള്ള റീഡിങ്ങിലാണ് 2395.84 അടിയായത്. നീരൊഴുക്കും മഴയും അനുസരിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ റെഡ് അലേർട്ട് പുറപ്പെടുവിക്കും, ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ഡാം തുറക്കും. 
 
അതേസമയം, നീരൊഴുക്ക് കുറയുകയും മഴയുടെ ശക്തി കുറയുകയും ചെയ്ത സാഹചര്യത്തിൽ ചെറുതോണി ഡാം തുറക്കേണ്ടി വരില്ലെന്നാണ് സൂചന. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി.
 
അതേസമയം ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂ.    

അനുബന്ധ വാര്‍ത്തകള്‍

Next Article