ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ട്രയല്‍ റണ്‍ ഉടനെയില്ലെന്ന് മന്ത്രി - സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

ചൊവ്വ, 31 ജൂലൈ 2018 (16:27 IST)
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതില്‍ ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്. 2395.50 അടിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.

ഒരു മണിക്കൂറില്‍ 0.02 അടി മാത്രമേ അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളം നിറയുന്നുള്ളു. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി വെള്ളം മാത്രമാണ്. അണക്കെട്ട് തുറക്കുന്നുണ്ടെങ്കില്‍ തന്നെ പകല്‍ സമയം എല്ലാവര്‍ക്കും അറിയിപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി.

ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് തിങ്കളാ‍ഴ്‌ച രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.  ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍