മനുഷ്യച്ചങ്ങല - ഇത് പ്രതിഷേധത്തിന്റെ പുതിയ മുഖം; അണുമുറിയാതെ ജനങ്ങൾ, പലയിടത്തും മതിലുകളായി ഉയർന്നു!

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (08:53 IST)
ബി ജെ പി സർക്കാരിന്റെ നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ തീർത്ത മനുഷ്യച്ചങ്ങല കേരളത്തിന്റെ പ്രതിഷേധത്തിന്റെ നേർചിത്രമായി . ഏതാണ്ട് 700 കിലോമീറ്റർ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എം എൽ എമാരും വിവധ പാർട്ടികളുടെ നേതാക്കൻമാരും മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. 
 
നോട്ട് നിരോധനത്തിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധമാണ് കേരളത്തിലെ മനുഷ്യ ചങ്ങലയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അണിമുറിയാതെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ 700 കിലോമീറ്റർ നീളത്തിൽ മനുഷ്യർ നിരന്നു. പലയിടത്തും ശൃംഖല മതിലുകളായി മാറി. ഇരുപത്തഞ്ച് ലക്ഷം പേരെങ്കിലും പങ്കെടുത്തു കാണണം. പ്രതിഷേധ പ്രസ്താവനകൾക്കപ്പുറത്തേക്ക് ജനങ്ങളെ അണിനിരത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത് - തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
 
കൊടിയേറ്റം സിനിമയിലെ അവിസ്മരണീയമായ ആ രംഗമുണ്ടല്ലോ, തന്നെ ചെളിയിൽ കുളിപ്പിച്ച് പായുന്ന ബസ്സിനെ നോക്കി ഗോപി പറയുന്ന "ഹൊ എന്തൊരു സ്‌പീഡ്‌" എന്ന വാചകം, ഏതാണ്ടതുപോലെയാണ് വലിയൊരു വിഭാഗം ജനങ്ങൾ മോഡിയുടെ നീക്കത്തെ കാണുന്നത്. "മോഡിയല്ലാതെ മറ്റൊരാൾക്ക് ഇങ്ങനെ ചെയ്യാൻ ധൈര്യമുണ്ടാകുമോ? ഹൊ സമ്മതിച്ചു". ഇതാണ് ജനത്തില്‍ നല്ലൊരു വിഭാഗത്തിനും ഉണ്ടായിരുന്ന ഫീല്‍. പക്ഷേ, ഇപ്പോള്‍ കേരളത്തില്‍ അതിനൊരു മാറ്റം വന്നു കഴിഞ്ഞു. അനുഭവം ബാക്കിയുള്ളവരെയും തിരുത്തും.
 
എം ടി യെ കൈവെക്കാൻ പോയത് ബി ജെ പിയുടെ കഷ്ടകാലം. കോഴിക്കോട് പ്രതിഷേധപ്രമേയം പാസാക്കിയിട്ടാണ് കൈകോർക്കാൻ ആളുകൾ അണിനിരന്നത്. തിരുവനന്തപുരത്തു മുഖ്യമന്ത്രി പങ്കെടുത്തതടക്കം എല്ലാ കേന്ദ്രങ്ങളിലും എം ടി നേരിടേണ്ടിവന്ന അപമാനം പ്രതിഷേധിക്കപ്പെട്ടു. ഇതാണ് മലയാളത്തിൽ എംടിക്കുള്ള സ്ഥാനം. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിൽ ഒരു സാംസ്കാരിക നേതാവിന്റെയും വായ് മുടിക്കെട്ടാനുള്ള ശേഷി ബി ജെ പിക്ക് കൈവന്നിട്ടില്ല.
 
എംടിയോടുള്ള സമീപനത്തിലത്ഭുതപ്പെടേണ്ടതില്ല. നോട്ടിന്റെ പ്രശ്നത്തിൽ അത്ര അസഹിഷ്ണുതയാണവർ പുലർത്തുന്നത്. നോട്ടു റദ്ദാക്കൽ എന്തോ വലിയ സംഭവമാകുമെന്നാണ് അവരെ ആരൊക്കെയോ പറഞ്ഞു ധരിപ്പിച്ചിരുന്നത്. കള്ളപ്പണക്കാർക്കെതിരായ സർജിക്കൽ സ്‌ട്രൈക്കല്ലേ ദേശപ്രേമം എവറസ്റ്റിനൊപ്പം ഉയരുമെന്നാണ് പ്രതീക്ഷിച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
 
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണിയായി. തൊട്ടടുത്തായി കൈകോര്‍ത്തുപിടിച്ച് കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും കാനം രാജേന്ദ്രനും. എൻസിപി നേതാവ് ഉഴവൂർ വിജയൻ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു.
 
കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം രക്ഷപ്പെടുകയും രാജ്യം കുളം തോണ്ടപ്പെടുകയും ചെയ്തു എന്ന് വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചു. സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പടെയുള്ള ഇടത് അനുഭാവ സംഘടനകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്നു.
 
എറണാകുളത്ത് എം എ ബേബി, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എ കെ ബാലന്‍, കോഴിക്കോട് തോമസ് ഐസക്, കൊല്ലത്ത് പി കെ ഗുരുദാസന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കണ്ണൂരില്‍ ഇ പി ജയരാജന്‍, കാസര്‍കോട്ട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി. ഇതുപോലൊരു മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ സംഘികൾക്ക് കഴിയുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചോദിയ്ക്കുന്നത്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്‌)
Next Article