ഏഴുവയസ്സുകാരിയുടെ ചെവി കുതിര കടിച്ചെടുത്തു

Webdunia
ബുധന്‍, 14 മെയ് 2014 (17:41 IST)
അവധി ആഘോഷിക്കാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം പാര്‍ക്കിലെത്തിയ ഏഴുവയസ്സുകാരിയുടെ ചെവി കുതിര കടിച്ചെടുത്തു. കാസര്‍ഗോഡ് പള്ളിക്കര ബീച്ചിലെ പാര്‍ക്കിലാണ് സംഭവം നടന്നത്. പാര്‍ക്കിലെ കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടെ ഏഴു വയസ്സുകാരിയായ കൃഷ്ണപ്രിയയുടെ ചെവി കുതിര കടിച്ചെടുക്കുകയായിരുന്നു.

കുതിര സവാരി നടത്തുന്നതിനായി ഏര്‍പ്പെടുത്തിയ കുതിരയാണ് അപകടമുണ്ടാക്കിയത്. കൃഷ്ണപ്രിയയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂ കടിച്ചെടുക്കാനാണ് കുതിര ശ്രമിച്ചത്.

ചെവി മറയുന്ന രീതിയിലാണ് മുല്ലപ്പൂ മുടിയില്‍ ചൂടിയിരുന്നത് എന്നതിനാല്‍ പൂകടിച്ചെടുക്കുന്നതിനിടെ ചെവിയുടെ ഒരുഭാഗവും കുതിര കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ പാര്‍ക്കിലെ ജീവനക്കാര്‍ കാസര്‍ഗോഡെ ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മംഗലാപുരം ആശുപത്രിയിലെത്തിച്ച കുട്ടിയെ പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് വിധേയയാക്കി. കൃഷ്ണപ്രിയ അച്ഛന്‍ കുഞ്ഞികൃഷ്ണനും അമ്മ സീമയുമാണ്.