ശക്തമായ തിര : വർക്കല ബീച്ചിൽ തമിഴ് യുവാവിന് ദാരുണാന്യം

എ കെ ജെ അയ്യർ

ഞായര്‍, 23 ജൂണ്‍ 2024 (18:25 IST)
തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ കുളിക്കാനിറങ്ങിയ മധുര സ്വദേശിയായ യുവാവിന് അതിശക്തമായ തിരയടി ഏറ്റു ദാരുണാന്ത്യം. മധുര ബൈപാസ് റോഡ് ദുരൈ സ്വാമി നഗർ ഭഗവതി സ്ട്രീറ്റ് ഡോർ നമ്പർ 4/15ൽ രവി ചന്ദ്രന്റെ മകൻ രഘു (23) ആണ് മരിച്ചത്.
 
തമിഴ് നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായ 5 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന സംഘമാണ് കടലിൽ ഇറങ്ങിയത്. ലൈഫ് ഗാർഡ് മുന്നറിയിപ്പു നൽകിയപ്പോൾ സംഘം കരയ്ക്കു കയറിയെങ്കിലും ദേഹത്തു പുരണ്ട മണൽ കഴുകാനായി വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോൾ ആണ് രഘു അപകടത്തിൽ പെട്ടത്.
 
ബീച്ചിലെ അതിശക്തമായ തിരയിൽ രഘു തീരത്തെ പാറക്കല്ലിൽ ചെന്നിടിച്ചു. രഘുവിനെ ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡിനും പരിക്കേറ്റു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍