കോഴിക്കോട്ട് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ

വെള്ളി, 21 ജൂണ്‍ 2024 (15:34 IST)
കോഴിക്കോട്: നിയന്ത്രണം വിട്ട പിക്ക്അപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം.അപകടത്തിൽ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് അപകടം ഉണ്ടായത്. 
 
കടയിലേക്ക് വാൻ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. പിക്കപ്പിൻ്റെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ഇവിടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് അടുത്താണ് അപകടം നടന്നത്. ഇതിനു തൊട്ടു മുമ്പ് ഇവരെല്ലാം പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍