ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസ്

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (10:06 IST)
ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. ഇന്ന് രാവിലെ എട്ടുമണിക്ക് ശരംകുത്തിക്ക് അപ്പുറത്തേക്ക് നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് പതിനായിരത്തോളം പേര്‍ പതിനെട്ടാം പടി കയറുവാനുള്ള വരിയില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്ന് രാവിലെ വരെ വരിയില്‍ കാത്തുനിന്ന ശേഷമാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. വടക്കേ നടയിലും ദര്‍ശനത്തിനുള്ള നീണ്ട നിരയാണ്. 
 
ഈ മണ്ഡലകാലത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേര്‍ ദര്‍ശനം നടത്തി. അതില്‍ 16840 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണ് എത്തിയത്.
 
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ശബരിമല ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ പുതിയ പൊലീസ് സംഘം ചുമതലയേറ്റു. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. 
 
പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് ബസുകളില്‍ കയറാന്‍ ത്രിവേണിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ഥാടകര്‍ റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article