സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (08:59 IST)
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു. 
 
കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് വില്ലേജില്‍ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീണു തമിഴ്‌നാട് സ്വദേശികളായ നാല്  സഞ്ചാരികള്‍ അപകടത്തില്‍പെട്ടു. മൂന്ന് പേര്‍ രക്ഷപ്പെടുകയും ഒരാള്‍ മരണപെടുകയും ചെയ്തു.
 
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നിലവ് ടൗണില്‍ വെള്ളം കയറുകയും ഉരുള്‍പൊട്ടിലില്‍ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
 
തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലാര്‍ ഭാഗത്തുനിന്നും മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയില്‍ ഉള്ള ചപ്പാത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മറുകരയില്‍ അകപ്പെട്ടു. വിതുര വില്ലേജില്‍ കല്ലാര്‍ സമീപം വിനോദത്തിനായി എത്തിയ രണ്ട് യുവാക്കള്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ അകപ്പെട്ടു പോകുകയും, അവരെ വിതുര പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article