ഇടുക്കി ജലനിരപ്പ് 2394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്

Webdunia
ഞായര്‍, 29 ജൂലൈ 2018 (12:40 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2395 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപു തുറക്കുമെന്നും റിസ്ക് എടുക്കാൻ വൈദ്യുത വകുപ്പ് തയാറല്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
 
ഓറഞ്ച് അലർട്ട് നൽകുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപായി ഡാം തുറക്കാനാണ് തീരുമാനം. നീരൊഴുക്ക് കൂടിയാൻ ഡാം തുറക്കുകമാത്രമേ പോംവഴിയുള്ളൂ. 2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 
 
26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.
 
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article