സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് നിയമബലമില്ല; നിയമസഭ നോക്കുകുത്തി!

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (13:35 IST)
സര്‍ക്കാര്‍ രൂപീകരിക്കുന്ന ചട്ടങ്ങള്‍ക്ക് നിയമസഭയുടെ അംഗീകാരം നല്‍കി നിയമമാക്കാത്തതിനാല്‍ നിയമപരമായ പിന്തുണയില്ലാത്തതെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. വിവരാവകാശ നിയമ പ്രകാരം എറണാകുളത്തെ അഭിഭാഷകനായ ഡിബി ബിനുവിനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ക്ക് പ്രാബല്യം നല്‍കുന്നതില്‍ വിമുഖത കാട്ടുന്നതായാ‍ണ് വിവരം. ചട്ടങ്ങള്‍ നിയമസഭയില്‍ വയ്ക്കാത്തത് കൊണ്ടുമാത്രം പ്രാബല്യത്തിലാകാതെ നിരവധി ചട്ടങ്ങള്‍ ഉണ്ട്. കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം-2011,ബാലവേല നിരോധന ചട്ടം എന്നിവ ഉള്‍പ്പടെ നിരവധി ചട്ടങ്ങള്‍ ഇതുവരെ നിയമസഭയില്‍ വച്ചിട്ടില്ലെന്ന് ഇത് സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു

ചട്ടങ്ങള്‍ക്ക് നിയമ പ്രാബല്യം ഇല്ലാത്തതുകൊണ്ടുതന്നെ ചട്ടപ്രകാരം നടപടിയെടുക്കുമ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. നിയമസഭാ സാമാജികരുടെ അവകാശങ്ങളുടെ ലംഘനം കൂടിയായിട്ടും ആരും ഇതേക്കുറിച്ച് വായും തുറക്കുന്നില്ല.

കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുകയും ഇതനുസരിച്ച് നടപടികള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിയമ സഭയില്‍ അവതരിപ്പിച്ച് ഇതുവരെ ചട്ടമായി മാറാത്ത വ്യവസ്ഥകളും,നിബന്ധനകളുമാണ് ഇതെന്നതാണ് വസ്തുത.