സംസ്ഥാനത്തേ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ) തീരുമാനിച്ചു. സര്‍ക്കാര്‍ ആസ്പത്രികളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
സമരം തുടങ്ങിയാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആസ്പത്രികളിലും പ്രവര്‍ത്തനം താളം തെറ്റാന്‍ ഇത് കാരണമാകും. പിഎസ്‌സി വഴി ആശുപത്രികളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കാതെ ഡോക്ടര്‍മാരേ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതാണ് സമരത്തിന് അസോസിയേഷനെ പ്രേരിപ്പിച്ചത്.
ജൂലായ് 6ന് കോഴിക്കോട്ടു ചേര്‍ന്ന കെജിഎംഒഎ സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് നിസ്സഹകരണ സമരം നടത്തുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 360 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ചുരുങ്ങിയത് മുന്നൂറ് ഡോക്ടര്‍മാരെങ്കിലും മെഡിക്കല്‍ കോളേജില്‍ അധ്യാപകരായി വേണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്.
ഈ നിബന്ധന പാലിക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസുകളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാറ്റുന്നതിലൂടെ താലൂക്ക് മുതല്‍ ജില്ലാ ആസ്പത്രിവരെയുള്ള ഇടങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടകുമെന്ന് ചൂണ്ടിക്കാണിച്ചാണ് കെജിഎംഒഎ സര്‍ക്കാരിന് സമരത്തിന്റെ നോട്ടീസ് നല്‍കിയത്. ഡോക്ടര്‍മാരുടെ കുറവിനൊപ്പം മരുന്നുകളുടെ ലഭ്യതക്കുറവും സംഘടന സരത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു.