കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെബി ഗണേഷ് കുമാർ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അഞ്ചൽ സിഐയെ സ്ഥലം മാറ്റി. സി ഐ മോഹൻദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത് പൊൻകുന്നത്തേക്കാണ്. സിഐക്ക് അന്വേഷണ ചുമതല നൽകിയത് വിവാദമായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചൽ സിഐ മോഹൻദാസ് മർദ്ദനം തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം. ഇദ്ദേഹം തന്നെയാണ് ഈ കേസ് അന്വേഷിക്കുന്നതും. സി ഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേഷിനെയും ഡ്രൈവറെയും പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. മർദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായി അറിയുന്നു.
തുടർന്ന് സംഭവസ്ഥലത്ത് ആളുകൂടിയതോടെ ഗണേഷ് കുമാറും ഡ്രൈവറും സിഐയും അവിടെ നിന്ന് മാറുകയായിരുന്നു. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു എന്നാണ് ആരോപണം.