കുട്ടിക്കാലത്ത് താന്‍ ഓരു മോഷ്ടാവായിരുന്നു എന്നും എന്നാല്‍ വിദ്യാഭ്യാസം നേടിയപ്പോള്‍ ആ ശീലം മാറിയെന്നും ജി. സുധാകരന്‍ എംഎല്‍എ. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. സുധാകരന്‍. അന്നത്തെ നിലയില്‍ താന്‍ മോഷണം തുടര്‍ന്നിരുന്നെങ്കില്‍ ഇന്നു വലിയ കള്ളനാകുമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസം നേടിയതോടെ അത്തരംശീലങ്ങള്‍ സ്വയം തന്നില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
സ്കൂളില്‍ പഠിക്കുന്നകാലത്തു ദോശയും ചമ്മന്തിയും വാങ്ങിക്കഴിക്കാന്‍ അച്ഛന്റെ അനുജന്റെ പോക്കറ്റില്‍നിന്നു സ്ഥിരമായി പൈസ എടുത്തിരുന്നു. അത് അദ്ദേഹം ഇതുവരെ അറിഞ്ഞിട്ടില്ല. മാത്രമല്ല വിശക്കുമ്പോള്‍ പതിവായി സഹപാഠികളുടെയും മറ്റുള്ളവരുടെയും ഭക്ഷണം മോഷ്ടിച്ചു കഴിക്കുക പതിവായിരുന്നെന്നും ജി. സുധാകരന്‍ പറഞ്ഞു.
ഒരിക്കല്‍ തന്റെ വീട്ടില്‍നിന്ന് അമ്മാവനു കൊടുക്കാന്‍ തന്നുവിട്ട അന്‍പതു പൈസ വഴിയില്‍ നഷ്ടപ്പെട്ടപ്പോള്‍ അതു കുറേയാളുകള്‍ തന്റെ കൈയില്‍നിന്നു പിടിച്ചുപറിച്ചുപോയതാണെന്നു കളവു പറഞ്ഞു. അന്ന് അമ്മാവന്‍ ആളുകളുമായെത്തി വയ്യാങ്കരച്ചന്തയില്‍ ബഹളമുണ്ടാക്കുകയും പിടിച്ചുപറിച്ചെന്നു സംശയം തോന്നിയ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും ഉണ്ടായി.