കോട്ടയം: കന്യാസ്ത്രിയെ പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു പാല മജിസ്ട്രേറ്റ് കോടതിയുടെ വിധി.
ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകന്റെ എല്ലാ വദങ്ങളും തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്നു ദിവസം കസ്റ്റഡിയിൽ നൽകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 48 മണിക്കൂർ മാത്രമാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഫ്രാങ്കോയെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
കോടതിയിൽ നിന്നും നേരെ കോട്ടയം പൊലീസ് ക്ലബ്ബിലേക്കാണ് ഫ്രാങ്കോ മുളക്കലിനെ കൊണ്ടുപോവുക. ഇവിടെ നിന്നും കുറവിലങ്ങാട് മഠം ഉൾപ്പടെയുള്ള ഇടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. രണ്ടു ദിവസംകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കുക എന്നത് പൊലീസിന് വെല്ലുവിളിയാണ്. ഇന്നുതന്നെ ഫ്രാങ്കോയെ കുരവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും എന്നാണ് സൂചന.