ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്‌ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തിൽ തുടരാൻ ജലന്ധർ രൂപത അഡ്മിനിസ്ട്രേറ്റർ അനുമതി നൽകിയതായി സിസ്റ്റർ അനുപമ വ്യക്തമാക്കി.
ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പരാതിക്കാരിയും സാക്ഷികളും ഉള്‍പ്പെടെയുള്ളവരെയാണ് സഭ സ്ഥലം മാറ്റിയത്. സി. അനുപമ, സി. ജോസഫിന്‍, സി. നീന റോസ്, സി. ആല്‍ഫി എന്നിവരെയും പീഡനത്തിനിരയായ കന്യാസ്ത്രീയേയുമാണ് സ്ഥലം മാറ്റിയത്. സി. അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.
സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയം തിരുനക്കരയില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.
ഇതിനിടെ വേദിയ്ക്ക് മുന്നിൽ നാടകീയസംഭവങ്ങള്‍ അരങ്ങേറി. വേദിയ്ക്ക് മുന്നിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിഷേധവുമായി എത്തി. തുടർന്ന് സ്ഥലത്ത് ഉന്തും തള്ളും സംഘർഷവുമായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.