പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു.കാട്ടുതീ തടയാന്‍ ശ്രമിക്കവെയാണ് മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാട്ടുതീ മരണം.വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെവി ദിവാകരന്‍, താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍, താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ എന്നിവരാണ് മരിച്ചത്.
ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാര്‍ വനംവകുപ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു.