പൂച്ചക്കുട്ടിയെ നിറമടിച്ചു കടുവാക്കുട്ടി എന്ന പേരിൽ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (18:01 IST)
മറയൂർ: വാട്ട്സാപ്പിലൂടെ കടുവാക്കുട്ടിയെ വിൽക്കാനുണ്ടെന്നു കാണിച്ചു ഇടപാടുകാരെ കണ്ടെത്തുകയും ചെയ്ത ശേഷം പൂച്ചക്കുട്ടിയെ നിറമടിച്ചു കടുവാക്കുട്ടി എന്ന പേരിൽ വിൽക്കാൻ ശ്രമിച്ച വിരുതൻ പിടിയിലായി. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ആരണി സ്വദേശി പാർത്ഥിപൻ എന്ന 25 കാരനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. മറയൂരിനോട് ചേർന്നുള്ള തമിഴ്‌നാട് അതിർത്തി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

കടുവാ കുട്ടികൾക്ക് പാത്രത്തിൽ ആഹാരം നൽകുന്ന ചിത്രം ഉൾപ്പെടുത്തി ഇയാൾ രണ്ടു ദിവസം മുമ്പാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. മൂന്നു മാസം പ്രായമായ ഒരു കടുവാക്കുട്ടിക്ക് 25 ലക്ഷം രൂപയാണ് ഇയാൾ വിലപറഞ്ഞിരുന്നത്. പണം നൽകിയാൽ പത്ത് ദിവസങ്ങൾക്കുള്ളിൽ ഇവയെ എത്തിച്ചു നൽകും എന്നും ഇയാൾ പോസ്റ്റിട്ടിരുന്നു.

എന്നാൽ ഈ വിവരം അറിഞ്ഞു വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ഒളിവിൽ പോയി. ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലും മറ്റും പരിശോധിച്ചെങ്കിലും കടുവക്കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വെല്ലൂരിലെ ചർപ്പണമേട്ടിൽ നിന്ന് പിടികൂടി. ഇയാളുടെ സുഹൃത്താണ് കടുവക്കുട്ടികളുടെ ചിത്രം നൽകിയതെന്നും ആവശ്യക്കാർ എത്തിയാൽ പൂച്ചക്കുട്ടികളെ നിറമടിച്ചു നൽകാനായിരുന്നു ഉദ്ദേശമെന്നും പ്രതി മൊഴി നൽകിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  

അനുബന്ധ വാര്‍ത്തകള്‍

Next Article