ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 30 നവം‌ബര്‍ 2024 (20:30 IST)
ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പായ്ക്കിംഗ് വസ്തുക്കള്‍ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. തട്ടുകടകള്‍ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ ഭക്ഷണ വസ്തുക്കള്‍ പൊതിയുന്നതിന് പത്രക്കടലാസുകള്‍ പോലെയുള്ള ഫുഡ് ഗ്രേഡ് അല്ലാത്ത പായ്ക്കിംഗ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരും. മാത്രല്ല  രോഗവാഹികളായ സൂക്ഷമജീവികള്‍ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും. 
 
എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇതിനായി ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article