നോട്ടിരട്ടിപ്പ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (14:06 IST)
നോട്ടിരട്ടിപ്പ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ നാറാണത്ത് മെഹ്ബൂബ് (35), നൂറണി വെള്ളത്തൊടി ഹിറാനഗര്‍ റിജാസ് (23), മാട്ടുമന്ത സി.എന്‍.പുരം ഷമീര്‍ മന്‍സിലില്‍ താഹിര്‍ (31),  നൂറണി പുതുപ്പള്ളി തെരുവു അന്‍സിയ മന്‍സിലില്‍ അസ്കര്‍ (23),  തിരൂരങ്ങാടി മുന്നിയൂര്‍ ആലിന്‍ചുവട് കാഞ്ഞിരത്തിങ്കല്‍ അബ്ദുള്ളക്കോയ (54) എന്നിവരാണു പൊലീസ് വലയിലായത്.
 
കേരളത്തിലും തമിഴ്നാട്ടിലുമായി ഇവര്‍ ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പാണു നടത്തിയത്. നല്ല നോട്ടുകള്‍ക്ക് പകരം ഇരട്ടി വ്യാജനോട്ട് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് നടന്നത്. പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി നാലു ലക്ഷം രൂപ മുടക്കി ബിസിനസ് ആരംഭിച്ചപ്പോള്‍ തിരികെ ലഭിച്ചത് മുതലും ലാഭവുമായി ഇരട്ടി വ്യാജനോട്ടുകളായിരുന്നു. ഇരട്ടി തുക നല്‍കുന്നതിനുള്ള കാലാവധി കേവലം ആറു മാസമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ കേസ് അന്വേഷിക്കവേയാണ് പ്രതികള്‍ വലയിലായത്. 
 
നോട്ടിരട്ടിപ്പിനായി ഇവര്‍ക്ക് പാലക്കാട്ടും മലപ്പുറത്തും ഇടനിലക്കാരും ഉണ്ടായിരുന്നു. ഇവരുടെ വലയില്‍ വീഴുന്നവരെ ആദ്യം കാണിക്കുന്ന നോട്ടുകെട്ടില്‍ മുകളിലും താഴെയുമായി ഒറിജിനല്‍ നോട്ടുകളാവും ഉണ്ടാവുക. എന്നാല്‍ ഇതിനുള്ളില്‍ ബാക്കി മുഴുവന്‍ വ്യാജന്മാരാവും.  എന്നാല്‍ കള്ളനോട്ടുകളാണു ലഭിക്കുന്നത് എന്നതിനാല്‍ ആരും പിന്നീട് പൊലീസില്‍ പരാതിപ്പെടാനും തയ്യാറാവില്ല. ഇതായിരുന്നു പ്രതികളുടെ തന്ത്രം. 
 
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍റെ നേതൃത്വത്തില്‍  സിഐ സാജു കെ. അബ്രഹാം, എസ്‌ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണമാണു പ്രതികളെ വലയിലാക്കിയത്. 
Next Article