സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തിയതായി ആരോപണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം അദ്ദേഹം നിരത്തിയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഹൈക്കോടതിയുടെയും ഉത്തരവ് ധിക്കരിച്ചാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ നെല്‍പാടം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്റണി ശ്രമിക്കുന്നതെന്ന് പ്രാദേശിക സിപിഎം വ്യക്തമാക്കി.
നെല്‍പാടം നികത്തിയ ആന്റണിയുടെ നടപടിക്കെതിരെ സമീപവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇതോടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് തിരിച്ചടിയായതോടെ ഹൈക്കോടതിയെ സമീപിച്ച ആന്റണി ഇടക്കാല സ്റ്റേ വാങ്ങി. കോടതി സ്‌റ്റേ ഉത്തരവ് നല്‍കിയെങ്കിലും സമീപവാസികളുടെ അഭിപ്രായങ്ങളും വാദങ്ങളും കേട്ടുതീരും വരെ യാതൊരുവിധ പ്രവര്‍ത്തിയും പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ നിലം നികത്തല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.