ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം; പാറ്റൂർ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി - എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
വെള്ളി, 9 ഫെബ്രുവരി 2018 (15:35 IST)
പാറ്റൂർ ഭൂമിയിടപാട് കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത്‌ഭൂഷണും പ്രതികളായ പാറ്റൂർ കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. ഭരത് ഭൂഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് എഫ്ഐആർ റദ്ദാക്കിയത്.
കേസിലെ എഫ് ഐആറും വിജിലൻസ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആകെ അഞ്ച് പ്രതികളുള്ള കേസിൽ നാലാം പ്രതിയാണ് ഉമ്മൻചാണ്ടി. കേസ് റദ്ദാക്കിയ വിധി ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും ആശ്വാസമാണ്. ഫ്ലാറ്റ് കമ്പനിക്കുവേണ്ടി മുൻ സർക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയൽ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്തെന്നുമാണു കേസ്.
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.