മലയാള ടിവി – ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും വോട്ടിംഗ് നടത്തുകയും ചെയ്ത ഫേസ്ബുക്ക് പേജിന്റെ ഉടമകളെ കുടുക്കാന്‍ പൊലീസ് അന്വേഷണം.
വിഷയത്തില്‍ മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ജില്ലകളിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ അന്വേഷിക്കുന്നത്.
താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
പൊലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് മുമ്പ് നിര്‍ജീവമായ 'പീഡോഫീലിയ' ഫേസ്ബുക്ക് പേജുകളും വെബ്‌സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണ് പുതിയ സംഭവം. ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച രഹസ്യ വിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.