ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

രേണുക വേണു
വെള്ളി, 20 ഡിസം‌ബര്‍ 2024 (10:17 IST)
ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ചു അധികമായി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സര്‍വീസുകള്‍ക്കു പുറമേയാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനായി 38 ബസുകള്‍ അനുവദിച്ചിട്ടുണ്ട്. 34 ബസ് ബെംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സര്‍വീസ് നടത്തും. 
 
ശബരിമല സ്‌പെഷല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കു പുറമേയാണ് പുതിയ ബസുകള്‍. കെ.എസ്.ആര്‍.ടി.സി വെബ് സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിനുള്ളില്‍ യാത്രാ തിരക്ക് കുറയ്ക്കാന്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ നടത്താന്‍ 24 ബസുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. 
 
നാല് ലോ ഫ്‌ളോര്‍, നാല് മിന്നല്‍, മൂന്ന് ഡീലക്‌സ്, അഞ്ച് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അടക്കം 16 ബസുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍, കോഴിക്കോട് റൂട്ടില്‍ അധിക സര്‍വീസ് നടത്തും. അവധിക്കാലം ആയിട്ടും ദക്ഷിണ റെയില്‍വെ പല സുപ്രധാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് യാത്രക്കാരെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article