ചാനലിൽ നിന്ന് വിളിച്ച് പറഞ്ഞത് 'നമ്മുടെ മുഹമ്മദലി അന്തരിച്ചു' എന്ന്; സത്യം മറച്ച് വെച്ച് ദുർവ്യാഖ്യാനിച്ചുവെന്ന് ഇ പി ജയരാജൻ

Webdunia
ഞായര്‍, 5 ജൂണ്‍ 2016 (17:27 IST)
കഴിഞ്ഞ ദിവസം അന്തരിച്ച ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയ്ക്ക് അനുസ്മരണം അറിയിച്ച് വെട്ടിലായ കായികമന്ത്രി ഇ പി ജയരാജൻ വിശദീകരണവുമായി രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയിരിക്കുന്നത്. സത്യം മറച്ചു പിടിച്ച് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ച കുപ്രചരണത്തെ തള്ളിക്കളയണമെന്നാണ് മന്ത്രി അറിയിക്കുന്നത്.
 
ഇ പി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
ഇന്നലെ കണ്ണൂർ ജില്ലയിൽ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രക്കിടയിൽ മനോരമ ചാനൽ റിപ്പോർട്ടർ എന്നെ വിളിച്ചു. നമ്മുടെ മുഹമ്മദലി അമേരിക്കയിൽ അന്തരിച്ചു. നിരവധി ഗോൾഡ് മെഡൽ ജേതാവാണ് ഇപ്പോൾ തന്നെ ഒരു അനുശോചനം തരണം എന്ന് ആവശ്യപ്പെട്ടു. 
 
40 വർഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്സിംഗ് ഇതിഹാസം അമേരിക്കൻ പൗരനായ സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. അതു കൊണ്ടാണ് ഒരു അനുശോചനം. നൽകിയത്. 
 
നാലഞ്ച് മിനിറ്റിനുള്ളിൽ ഇത് വിശദമായി അന്വേഷിച്ചു, ലോക ചാമ്പ്യനായിരുന്ന മുഹമ്മദ് അലിയാണ് അമേരിക്കയിൽ മരിച്ചതെന്ന് മനസിലായി. ഉടൻ എല്ലാ വാർത്താ ചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങൾക്ക് അനുശോചന കുറിപ്പ് നൽകുകയും ചെയ്തു.
 
ഈ സത്യം മറച്ചു പിടിച്ച് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു . ഈ കുപ്രചരണം തള്ളിക്കളയണമെന്ന്‌ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
 
സ്നേഹപൂർവ്വം
ഇ പി ജയരാജൻ
 
Next Article