യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു വിവാദനായകന്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ സാധ്യത!

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (14:28 IST)
ബന്ധുനിയമന വിവാദത്തിലകപ്പെട്ട ഇപി ജയരാജന്‍ രാജിവെച്ചതോടെ പകരം മന്ത്രി ആര് എന്ന ഊഹാപോഹങ്ങള്‍ കൂടുതല്‍ ശക്തമായി. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെ സി മമ്മദ് കോയ എന്നിവരുടെ പേരുകളാണ് അവസാനമായി ഉയര്‍ന്നുവരുന്നത്.

ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് എകെ ബാലനു  നല്‍കിയേക്കും. സ്പോര്‍ട്സ് പുതിയ മന്ത്രിക്കും നല്‍കും. ആ നിലക്കാണ് ആലോചനകള്‍ പുരോഗമിക്കുന്നതെങ്കിലും സ്‌പോര്‍ട്‌സും സിനിമയും ഗണേഷ് കുമാറിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

മന്ത്രിയെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് ഗണേഷിനെ പരിഗണിക്കാന്‍ കാരണമായത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന ഗണേഷ് പ്രതിപക്ഷത്തിന്റെ വരെ കൈയടി നേടിയിരുന്നു. നടപടികള്‍ എടുക്കുന്നതിനൊപ്പം അവ നടപ്പാക്കുന്നതിലുള്ള മിടുക്കാണ് ഗണേഷിനെ തുണയ്‌ക്കുന്നത്. പുതിയ മന്ത്രിയായി ഗണേഷ് കുമറിനെ കൊണ്ടുവരണമെന്ന ആവശ്യവും ചില ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മന്ത്രിയുടെ നിയമനക്കാര്യത്തിലും പാര്‍ട്ടി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വിവാദങ്ങള്‍ക്കതീതനും നല്ല പ്രതിച്ഛായ ഉള്ളയാളുമാവണം എന്നതാണ് ഇക്കാര്യത്തിലുള്ള സമീപനം.
Next Article