ഇ ശ്രീധരനെ ഒതുക്കാന്‍ ബി ജെ പിയില്‍ നീക്കം, ജയസാധ്യതയില്ലാത്ത സീറ്റുനല്‍കുമെന്ന് സൂചന

സുബിന്‍ ജോഷി
ചൊവ്വ, 2 മാര്‍ച്ച് 2021 (18:05 IST)
സമീപകാലത്ത് കേരള രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ പ്രവേശമായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍റേത്. ബി ജെ പിയിലെത്തിയ ഉടന്‍ തന്നെ, അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു അദ്ദേഹം.
 
എന്നാല്‍ ഇപ്പോള്‍ ഇ ശ്രീധരനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ ശ്രീധരന് കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം ചില സംസ്ഥാന നേതാക്കളുടെ ഉറക്കം കെടുത്തുന്നുവത്രേ. അതുകൊണ്ടുതന്നെ തീരെ ജയസാധ്യതയില്ലാത്ത തൃപ്പൂണിത്തുറയില്‍ ഇ ശ്രീധരനെ മത്‌സരിപ്പിക്കാനാണ് നീക്കം.
 
പാലക്കാടോ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്‌സരിക്കാനായിരുന്നു ഇ ശ്രീധരന് താല്‍പ്പര്യം. എന്നാല്‍ ആ സീറ്റുകളൊന്നും നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവുന്നില്ല.
 
മെട്രോ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മെട്രോമാന്‍റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് അതിനായി പറയുന്ന ന്യായം. കേന്ദ്രനേതാക്കളുമായി ഇ ശ്രീധരനുള്ള അടുത്ത ബന്ധം തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് സംസ്ഥാനത്തെ പല നേതാക്കളും വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article