തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വമ്പിച്ച മുന്നേറ്റം, പാപ്പനംകോട് താമര വിരിഞ്ഞു

Webdunia
വെള്ളി, 29 ജൂലൈ 2016 (09:19 IST)
സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തു വരുമ്പോള്‍ ഭൂരിഭാഗം വാര്‍ഡിലും എല്‍ഡിഎഫിന് മികച്ച വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന്‍ വിജയിച്ചു. 385 വോട്ടുകള്‍ക്കാണ് കെകെ രാമകൃഷ്ണന്റെ വിജയം. ഇടുക്കി കൊക്കയാര്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശേരിയില്‍ ആറാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.
 
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാപ്പനംകോട്. ഇവിടെ വിജയിക്കാനായത് ബിജെപിക്ക് അഭിമാന നേട്ടമായി. തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന്‍ വിജയിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 
 
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്.
 
 
 
 
 
 
 
Next Article