ആലപ്പുഴയിലെ സാമൂഹിക നൈപുണി വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. മൂന്ന് വർഷമായി ഈ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ നടത്തിയ അന്വേഷണം വിജയകരമായില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
തോമസ് ഐസകിന്റെ വാക്കുകളിലൂടെ:
പറമ്പില്‍ ഇരുന്നൊരു ആസൂത്രണയോഗം. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ ഉദ്യോഗസ്ഥരും ജില്ലാ, ബ്ലോക്ക്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും പ്രതിനിധികളും പങ്കെടുത്തു. കസേരയൊക്കെ കൊണ്ടുവരാന്‍ കാത്തിരുന്നില്ല. എല്ലാവരും മണ്ണില്‍തന്നെ വട്ടം വളഞ്ഞിരുന്ന് ആലപ്പുഴയിലെ സാമൂഹിക നൈപുണി വികസന കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ആലപ്പുഴയില്‍ ഈ കേന്ദ്രം സ്ഥാപിക്കുന്നതിന് മൂന്നു വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം വിജയിച്ചില്ല. 15 കോടി രൂപ മുടക്കി 5 ക്ലാസ് മുറികളും 5 ലബോറട്ടറി / വര്‍ക്ക്ഷോപ്പുകളും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന കെട്ടിട സമുച്ചയം പണിയണം. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല തൊഴിലെടുക്കുന്നവര്‍ക്കും നൈപുണിശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കോഴ്സുകള്‍ നടത്തും. ഒരു ജില്ലയില്‍ ഒരു കേന്ദ്രമാണ്. പല കാരണങ്ങള്‍കൊണ്ടും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എങ്ങും പണി ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആലപ്പുഴയില്‍ സ്ഥലം പോലും കണ്ടെത്താനായില്ല.
അസാപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പരിപാടിയുടെ മുഖ്യചുമതലക്കാരന്‍ ഡോ. രജു ഐ എ എസ് ആണ്. രജു മാരാരിക്കുളത്തുകാരനാണ്. ഐ എ എസിനു പോകുന്നതിനു മുമ്പു നാട്ടിലെ പരിഷത്തിലും മറ്റും പ്രവര്‍ത്തിച്ചിരുന്നു. സ്ഥലം അന്വേഷിച്ച് എന്നെയും മുമ്പു കണ്ടിട്ടുണ്ട്. അന്നു നിര്‍ദ്ദേശിച്ച സ്ഥലത്തുതന്നെയാണ് ഇന്നും ഞങ്ങള്‍ പോയത്. ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും കയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടി സംയുക്തമായി വാങ്ങിയ സ്ഥലമാണിത്. ഇരുവര്‍ക്കും പുറമേ ക്ലസ്റ്ററിന് വേണ്ടി രൂപീകരിച്ച സൊസൈറ്റിയെന്ന സംവിധാനവും ഉണ്ട്. ഇവര്‍ക്കെല്ലാം ഉടമസ്ഥതയും മറ്റും സംബന്ധിച്ചുള്ള കുരുക്കുകള്‍ അഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എ എസ് കനാല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലമുണ്ട്. എന്തുകൊണ്ടും പഠന കേന്ദ്രത്തിന് അനുയോജ്യം. എല്ലാവരും സന്നിഹിതരായതുകൊണ്ട് ചര്‍ച്ച ചെയ്ത് തീരുമാനവുമെടുത്തു. സ്ഥലം വിദ്യാഭ്യാസ വകുപ്പിനു വിട്ടുകൊടുക്കും. മണ്ണ് പരിശോധനയെല്ലാം ഈ മാസം തന്നെ ആരംഭിക്കും. 2017 അവസാനിക്കുമ്പോള്‍ പണിയും തീരണം. കെട്ടിട സമുച്ചയത്തിന്‍റെ മാതൃകയും തീരുമാനിച്ചു. കയര്‍ ക്ലസ്റ്ററിന് വാങ്ങിയ സ്ഥലമല്ലേ?
അതുകൊണ്ട് കയര്‍ ഫിനിഷിംഗ് വേലകള്‍ക്കുള്ള നൈപുണി വികസനത്തിന് പ്രത്യേക കോഴ്സുകള്‍ ഇവിടെ നിന്നുണ്ടാകും. തൊട്ടടുത്ത് ഒരേക്കര്‍ സ്ഥലവും പട്ടികജാതി ഐ ടി ഐ യുടെ കെട്ടിടവും കാടുപിടിച്ചു കിടക്കുന്നു. നൈപുണി വികസനകേന്ദ്രവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ഐ.ടി.ഐ പുനരുദ്ധരിക്കാനും തീരുമാനിച്ചു. എല്ലാം തീരുമാനമാക്കി മിനിറ്റ്സിലും ഒപ്പിട്ടു പിരിയാന്‍ ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ.