മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ഇ ഡി എന്‍ഫോഴ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐഒയുടെയും ആാദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ ഡി ആരോപണ വിധേയര്‍ക്ക് നോട്ടീസ് ഉടനെ നല്‍കുമെന്നാണ് വിവരം.
നല്‍കാത്ത സേവനത്തിന് കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ ഡിയും കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളാണ് എസ്എഫ്‌ഐഒ സംഘം പരിശോധിക്കുന്നത്. നല്‍കാത്ത സേവനത്തിന്റെ പേരില്‍ എക്‌സലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പെറ്റിയെന്നാണ് ആരോപണം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സിഎംആര്‍എല്‍ വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നാണ് കണ്ടെത്തല്‍.