ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്; പാചകവാതക വിതരണം നിലച്ചു

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (13:11 IST)
കൊച്ചിയിലെ ബിപിസിഎല്ലിന്റെ എല്‍പിജി ബോട്ട്‌ലിംഗ് പ്‌ളാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക് മൂലം ഇന്ധനനീക്കം മുടങ്ങി. ഇന്നലെ രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.  ക്‌ളീനര്‍മാരുടെ അഭാവത്തില്‍ ചെയ്യുന്ന ജോലിക്ക് 350 രൂപ പ്രതിദിന വേതനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് 110 ഓളം വരുന്ന ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. 
 
ഓഗസ്റ്റ് 16 മുതല്‍ വാര്‍ഷിക അറ്റകുറ്റപണിക്കായി പ്ലാന്റ് അടച്ചിട്ടശേഷം ഇന്നലെ തുറന്നപ്പോഴായിരുന്നു പ്രശ്‌നം ആരംഭിച്ചത്. 
 
ഡിസ്ട്രീബ്യൂട്ടര്‍മാര്‍ക്ക് നേരിട്ട്  പാചകവാതകം എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓണം തൊട്ടടുത്ത് എത്തിനില്‍ക്കെ വന്ന സമരം 13 ലക്ഷത്തോളം വരുന്ന ഭാരത് ഗ്യാസ് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.