സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ സംവിധായകൻ ഡോ ബിജു രംഗത്ത്. രാജ്യാന്തര നിലവാരത്തിൽ സാങ്കേതിക മികവോടെ എടുക്കുന്ന സിനിമകൾക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പരിഗണന കിട്ടാറില്ല. സിനിമയുടെ സാങ്കേതിക മികവ് വിലയിരുത്തണമെങ്കിൽ മികച്ച തിയറ്ററിൽ പടം കാണണം. അതിനു പകരം പനവിള ജംക്ഷനിലെ തട്ടിക്കൂട്ട് മിനി തിയറ്ററിൽ സിനിമ കണ്ടാൽ ജൂറിക്ക് സാങ്കേതിക മികവ് വിലയിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൂട്ടു സിനിമകൾക്ക് ഇവിടെ പ്രാധാന്യം ലഭിക്കുന്നത് നമ്മുടെ ഗതികേടാണ്. ഇന്ത്യൻ പനോരമയിലും ഇന്ത്യയിലെ എല്ലാ ചലച്ചിത്ര മേളകളിലും യുഎന്നിലും പ്രദർശിപ്പിച്ച വലിയ ചിറകുള്ള പക്ഷികൾക്ക് ഒരു അവാർഡിനു പോലും അർഹതയുള്ളതായി ജൂറി വിലയിരുത്തുന്നില്ലെന്നും ബിജു പറഞ്ഞു.
സംസ്ഥാനത്ത് ഒരു അവാർഡ് പോലും ലഭിക്കാതെ തഴയപ്പെടുന്ന തന്റെ ആറാമത്തെ സിനിമയാണ് വലിയ ചിറകുള്ള പക്ഷികൾ. 20 ലക്ഷം രൂപ മുടക്കി സാങ്കേതിക മികവോടെ ലൈവ് സൗണ്ട് ചെയ്ത ആ ചിത്രത്തെ തഴഞ്ഞ് സാങ്കേതിക മികവില്ലാത്ത ചിത്രങ്ങൾക്കാണ് ലൈവ്‍ സൗണ്ടിന്റെ അവാർഡ് നൽകിയതെന്നും ബിജു വ്യക്തമാക്കി.