കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണാസംഘത്തിന് നല്‍കാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. ഇയാള്‍ അടുത്ത ബന്ധു മുഖേനയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
നടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുന്നേ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറാമെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതി അറിയിച്ചത്. തെളിവുകൾ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പുസാക്ഷിയാക്കുന്ന സാഹചര്യം ഇല്ലാതെ നില്‍ക്കുമ്പോഴാണ് പ്രതികളിലൊരാളുടെ ഈ ‘കൂറുമാറ്റം’. ഇത് പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടും.