ഗുണ്ടായിസത്തില്‍ കുടുങ്ങി പൊലീസ്; ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച വനിതാ എഎസ്ഐക്കു സസ്പെന്ഷന്
ചൊവ്വ, 27 മാര്‍ച്ച് 2018 (19:42 IST)
ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നവീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ എഎസ്ഐ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈനിലെ എഎസ്ഐ ആര് ശ്രീലതയെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രൻ സസ്പെന്ഷന് നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാമെന്നും സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്. മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
ഇരുമ്പുപാലത്തിന് സമീപം പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് വ്യാഴാഴ്ച ട്രാന്‍സ്ജെന്‍ഡറിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇവരെ ലിംഗ പരിശോധന നടത്തുന്നതിനിടെ പൊലീസുകാര്‍ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്.
സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അവരെ നിര്‍ത്തിയത്. ലിംഗപരിശോധനക്കിടെ ട്രാന്‍സ്ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനുള്ളിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പ്രചരിച്ച വീഡിയോയിൽ നിന്നും വ്യക്തമായതോടെ വ്യാപക പരാതി ഉയരുകയും അന്വേഷണം നടത്തുകയുമായിരുന്നു.