മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല; തെറ്റുപറ്റിയാല്‍ മാതൃകാ പരമായ ശിക്ഷയെന്ന് മന്ത്രി എ കെ ബാലന്‍

തിങ്കള്‍, 26 മാര്‍ച്ച് 2018 (13:04 IST)
സംസ്ഥാനത്ത് പൊലീസിന്റെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
 
പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പികയാണ്. തോന്നിയ രീതിയിലാണ് അവര്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
 
പോലീസിനെ നേരെ ചൊവ്വേ നടത്തിക്കൊണ്ടു പോകാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. പോലീസിനെ ഈ സ്ഥിതിയിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും ഡിജിപിക്കും ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 
എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിട്ടില്ലെന്നും സാധാരണഗതിയിലാണെന്നും മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും കുറ്റകാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ബാലന്‍ പറഞ്ഞു. അതേസമയം, പോലീസിന് ട്യൂഷന്‍ ആവശ്യമാണെന്നായിരുന്നു ഡിജിപി ലോക്‍നാഥ് ബെഹ്‌റ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍