നടിയെ ഉപദ്രവിച്ച സംഭവം: തെളിവ് മാത്രമല്ല സാക്ഷികളും ഉണ്ടെന്ന് പൊലീസ് - ദിലീപിന് കുരുക്ക് മുറുകുന്നു
ചൊവ്വ, 22 ഓഗസ്റ്റ് 2017 (17:25 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത് നാളെയാണ്. ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് അന്തിമ വിധിക്കായി ഒരു രാത്രി കൂടി കാത്തിരിക്കേണ്ടി വരുന്നത്. കോടതിയില്‍ ശക്തമായ വാദമുഖങ്ങളാണ് ദിലീപിനായി അഭിഭാഷകന്‍ ബി രാമന്‍ പിള്ള ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍, കാര്യങ്ങള്‍ ദിലീപിന് അത്ര ഈസിയായിരിക്കില്ലെന്നാണ് സൂചനകള്‍. നാളെ കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ശക്തവും നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാരംഗത്ത് സ്വാധീനമുള്ള ആളായതിനാൽ താരത്തിന് ജാമ്യം നല്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് അറിയിക്കും.