അഭിഭാഷകന്റെ വീട് ആക്രമിച്ചത് ദിലീപിന്റെ അടുപ്പക്കാര്‍ ? ജനപ്രിയന് കുരുക്ക് വീഴുന്നു !

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (10:45 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെയുളള അന്വേഷണം നടന്റെ അടുപ്പക്കാരിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്‍. അഡ്വ. കെ.സി സന്തോഷിന്റെ വീടിന് നേരെയാണ് ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആക്രമണം നടന്നത്. 
 
പ്രസ്തുത ദിവസം രാത്രി പത്തുമണിയോടെ ഗുണ്ടും കല്ലുകളുമായി സന്തോഷിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ മുറ്റത്തിരുന്ന ഒരു സ്‌കൂട്ടറിന് കേടുപറ്റിയിരുന്നു. കാറിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സന്തോഷ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ദേശം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. 
 
ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചതിന്‍ നിന്നാണ് അഭിഭാഷകന്റെ വീടിന് സമീപമാണ് ഇവരെന്ന വിവരം ലഭിച്ചത്. ദിലീപിന് ജാമ്യം ലഭിച്ച വേളയില്‍ നടന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നിലും ഇവര്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ എല്ലാ നീക്കങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് നടന്‍ ദിലീപ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തുകയും പാസ്‌പോര്‍ട്ട് ഹാജരാക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ അതീവ രഹസ്യമായിട്ടാണ് ദിലീപ് കോടതിയില്‍ എത്തിയതും മജിസ്‌ട്രേറ്റ് ലീനാ റിയാസിന്റെ ചേംബറില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതും.

അനുബന്ധ വാര്‍ത്തകള്‍

Next Article