ഡീസല്‍ വിലയൊക്കെ കുറയും, പക്ഷെ ബസ്ചാര്‍ജ് മാത്രം കുറയ്ക്കില്ല!

Webdunia
തിങ്കള്‍, 19 ജനുവരി 2015 (11:31 IST)
ഡീസല്‍ വില കുറഞ്ഞതൊടെ വര്‍ദ്ധിപ്പിച്ച ബസ്ചാര്‍ജ് ആനുപാതികമായി കുറയ്ക്കണമെന്ന് ആവശ്യമുയരുന്നതിനിടെ നാട്ടുകാരുടെ ആവശ്യത്തിന് ബസ്സുടമകളുടെ പാര. ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ ബസ് ചാര്‍ജ് കുറയ്ക്കാനാകില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. ഡീസല്‍ വിലമാത്രമല്ല, സ്പെയര്‍ പാര്‍ട്സുകളുടെ വിലയും കൂടി പരിഗണിച്ചാണ് ബസ് ചാര്‍ജ് കൂട്ടിയതെന്നും അതിനാല്‍ ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ ബസ്ചാര്‍ജ് കുറയ്ക്കാനാകില്ലെന്നുമാണ് ബസ്സുടമകള്‍ പറയുന്ന ന്യായം.
 
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് 2013 ഡിസംബറിലാണ്. അന്ന് ഡീസലിന്റെ വില 57.43 രൂപയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് കൂട്ടിയത് ആറുമാസം കൂടി കഴിഞ്ഞ് മേയിലാണ്. അപ്പോള്‍ ഡീസലിന്റെ വില 59.58 ആയി. സ്പെയര്‍ പാര്‍ട്സ് അടക്കമുള്ളവയുടെ വിലയും കൂടി. എന്നാല്‍ നിലവിലെ വില കണക്കാക്കാതെ നേരത്തെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് കൂട്ടിയതുകൊണ്ട് തങ്ങളുടെ നഷ്ടം നികന്നിട്ടില്ല എന്നാണ് ബസ്സുടമകള്‍ വാദിക്കുന്നത്.
 
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെ ചാര്‍ജ് വര്‍ധനയ്ക്കൊപ്പം നടപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ച പല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. നിലവില്‍ കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 53.35 രൂപയാണ്. 2013നേക്കാള്‍ നാലുരൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്പെയര്‍ പാര്‍ട്സിന്റെ വിലവര്‍ദ്ധന പരിഗണിച്ചാല്‍ തന്നെ ഡീസല്‍ വിലയുടെ കുറവ് മാത്രം കണക്കിലെടുത്ത് ബസ് ചാര്‍ജ് കുറയ്ക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. 
 
അതേസമയം സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെ‌എസ്‌ആര്‍ടിസി ബസ് ചാര്‍ജ് കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ഡീസല്‍ വില കുറഞ്ഞതോടെ കെ‌എസ്‌ആര്‍ടിസിക്ക് തല്‍ക്കാലം ലാഭമുണ്ടാകുന്നുണ്ട്. അതിനാല്‍ പ്രതിസ്ന്ധിയില്‍ നിന്ന് കരകയറുന്നതിനായി ഡീസല്‍ വിലയില്‍ പിടിക്കാനാണ് കെ‌എസ്‌ആര്‍ടിസി ശ്രമിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ്സുടമകളും പിടിച്ചുനില്‍ക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.