കാട്ടാക്കട: ഉത്സവം കാണാനെത്തിയ പ്രവാസിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല മണമ്പൂർ നീർവിള സൂര്യ ഭവനിൽ അനിൽ കുമാർ (33) ആണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കാട്ടാക്കട കീഴ്വാണ്ട പ്രശാന്ത് എന്നയാളുടെ കിണറ്റിലാണ് അനിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു മാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. ഞായറാഴ്ച ഇയാൾ ഭാര്യയും മക്കളും ഒത്തു ഭാര്യാ സഹോദരിയുടെ വീട്ടിനടുത്തുള്ള കീഴ്വാണ്ട ക്ഷേത ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ കുടുംബാംഗങ്ങൾ എല്ലാവരും ഉത്സവത്തിനു പോയെങ്കിലും അനിൽ കുമാർ മാത്രം ഒറ്റയ്ക്ക് വീട്ടിനടുത്ത് നിൽക്കുന്നത് കണ്ടവരുണ്ട്.
ഉത്സവം കഴിഞ്ഞു ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയവർ അനിൽ കുമാറിനെ തിരഞ്ഞെങ്കിലും കണ്ടില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.