വൃദ്ധയുടെ മരണം: മകൻ പോലീസ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 16 മെയ് 2023 (14:05 IST)
തിരുവനന്തപുരം: 65 കാരി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പോലീസ് ഇവരുടെ മകനെ കസ്റ്റഡിയിലെടുത്തു. നെല്ലിമൂട് അവണാകുഴി പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള പുത്തൻവീട്ടിൽ പരേതനായ സോളമന്റെ ഭാര്യ പത്മിനി എന്ന ലീലയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

വിവസ്ത്രയായി കാണപ്പെട്ട ഇവരുടെ തലയിൽ ഒരു ചെറിയ മുഴ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു മുറിവുകൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ തറയിൽ വലിച്ചിഴച്ചതിന്റെ പാട്ടുകളുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായ മകൻ ബിജു (45) വിനെ കാഞ്ഞിരംകുളം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. എങ്കിലും തറയിലും ദേഹത്തും രക്തം കണ്ടെത്തിയതാണ് ദുരൂഹത ഉണ്ടാക്കുന്നത്.

അവിവാഹിതനും കൂലിപ്പണിക്കാരനായ ബിജുവും മാതാവും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ലീലയുടെ മറ്റു രണ്ട് ആൺമക്കൾ വിവാഹിതരായി വേറെയാണ് താമസം. അയൽക്കാരിയായ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ജയിലിലായിരുന്ന ബിജു കഴിഞ്ഞ പന്ത്രണ്ടിനാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ടു ബിജുവും ലീലയും സ്ഥിരം വഴക്കായിരുന്നു എന്നാണു അയൽക്കാർ പറയുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ബിജു സുഹൃത്തിനെ വിളിച്ചു മാതാവ് മരിച്ചുകിടക്കുന്ന വിവരം പറഞ്ഞത്. എന്നാൽ അവിടെയെത്തിയ സുഹൃത്ത് വിവരം അയൽക്കാരെയും കാഞ്ഞിരംകുളം പോലീസിനെയും അറിയിക്കുകയായിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article