58 മൃതദേഹങ്ങള്‍, 95 ശരീരഭാഗങ്ങള്‍; വയനാട്ടിലേക്കു കൊണ്ടുവന്നു

രേണുക വേണു
വ്യാഴം, 1 ഓഗസ്റ്റ് 2024 (20:00 IST)
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു. 
 
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വയനാട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമുണ്ടായത്. 
 
മലപ്പുറം ജില്ലയില്‍ നിന്ന് ഇതുവരെ 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും  മൃതദേഹങ്ങള്‍ ലഭിച്ചു. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും കണ്ടെത്തി.  
 
വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ  കണ്ടെത്താനായി ചാലിയാര്‍ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തിരച്ചില്‍ നടത്തി.
 
ഉരുള്‍പ്പൊട്ടല്‍ നടന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവയോട് ഏറ്റവും അടുത്തുള്ള മലപ്പുറത്തെ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കടവുകളില്‍ നിന്നാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നതെങ്കില്‍ പിന്നീട് കിലോമീറ്ററുകള്‍ താഴെ വാഴക്കാട് നിന്നടക്കം മൃതഹങ്ങള്‍ ലഭിച്ചു. ചാലിയാറില്‍ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article