ഓഖി ദുരന്തം; കേരളം ആവശ്യപ്പെട്ടത് 7340 കോടി രൂപയുടെ പാക്കേജ്, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (07:54 IST)
കേരളത്തെ ഞെട്ടിച്ചുകൊണ്ട് ആഞ്ഞടിച്ച ഓഖി ദുരിതത്തിൽ നിന്നും ഇപ്പോഴും തീരമേഖല കരകയറിയിട്ടില്ല. ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 7340 കോടി രൂപയുടെ പാക്കേജ്. 
 
ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ഓരോന്നായി അറിയിക്കുകയും ചെയ്തു മുഖ്യമന്ത്രി.
 
ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 
 
ദുരന്തങ്ങള്‍ പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തും. മുന്‍കൂട്ടി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്രം ഗൗരവപൂര്‍വം പരിശോധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്രിസ്തുമസിന് മുമ്പ് എല്ലാവരേയും കണ്ടെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മോദി പൂന്തുറ സന്ദർശിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article