ഓപ്പറേഷന്‍ ഷൈലോക്ക്: ഒരുകോടിയും സ്വര്‍ണ്ണവും പിടിച്ചു

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (14:29 IST)
കൊല്ലം നഗര പൊലീസ് കഴിഞ്ഞ ദിവസം വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഷൈലോക്കിലൂടെ ഒരു കോടിയിലേറെ രൂപയും 125 പവന്‍റെ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഇതിനൊപ്പം പള്ളിത്തോട്ടത്തെ മത്സ്യ മൊത്തവ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ ഹാഷീഷ് ഓയിലും പിടിച്ചു.
 
കരുനാഗപ്പള്ളി സബ് ഡിവിഷനിലെ ആദിനാട് തെക്ക് രാം‍രാജ് ഭവനില്‍ രാജ് എന്നറിയപ്പെടുന്ന ചിട്ടിരാജുവിന്‍റെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 53 ലക്ഷം രൂപ പിടിച്ചത്. നേരത്തേ ഇയാളുടെ വീട്ടില്‍ നിന്ന് അരക്കോടിയോളം പിടിച്ചെടുത്തിരുന്നു.
 
തൊടിയൂരിലെ മുന്‍ പഞ്ചായത്തംഗങ്ങളായ സഹോദരങ്ങളില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും പിടിച്ചു. ഇത് കൂടാതെ 15 ലക്ഷം രൂപയുടെ 6 ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 
 
പള്ളിത്തോട്ടത്തെ മത്സ്യമൊത്ത വ്യാപാരിയായ ശാലോം‍നഗര്‍ ജോസ് ഫില്‍ഫ്രഡിന്‍റെ വീട്ടില്‍ നിന്നാണ് ഹാഷീഷ് ഓയില്‍ പിടികൂടിയത്. എന്നാല്‍ ജോസ് ഈ സമയം പുറത്തായിരുന്നതിനാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 
Next Article