അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി, പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:50 IST)
സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്നും അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
 
കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറെക്കാലാമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിക്കുകയാണ് അന്‍വര്‍ ചെയ്തതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്മ്യുണിസ്റ്റ് സംവിധാനത്തെ പറ്റി അയാള്‍ക്ക് ധാരണയില്ലെന്ന് വ്യക്തമാകും.പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം തെറ്റാണ്. ഇത്രയും കാലം എംഎല്‍എയായിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗമായിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വേദികളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയോ നയങ്ങളെ പറ്റിയോ സംഘടനാരീതികളെ പറ്റിയോ അന്‍വറിന് ധാരണയില്ലെന്നും  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article