ലോക്‌സഭാ സീറ്റുകള്‍ വച്ചുമാറാന്‍ സിപിഎമ്മിലും സിപിഐയിലും ആലോചന. തിരുവനന്തപുരത്ത് സിപിഎമ്മും കൊല്ലത്ത് സിപിഐയും മത്സരിക്കുന്നതിനെ കുറിച്ചാണ് ഇരു പാര്‍ട്ടികളിലും മുന്നണിയിലും ആലോചന നടക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്.
സീറ്റുകള്‍ പരസ്പരം വച്ചുമാറിയാല്‍ രണ്ട് സ്ഥലത്തും വിജയപ്രതീക്ഷയുണ്ടെന്നാണ് മുന്നണിയില്‍ പല നേതാക്കളും അഭിപ്രായപ്പെട്ടത്. 2009 മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചു. ശശി തരൂരാണ് നിലവില്‍ തിരുവനന്തപുരം എംപി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തരൂര്‍ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് സിപിഎമ്മിലെ ശക്തനായ ഏതെങ്കിലും നേതാവ് സ്ഥാനാര്‍ഥിയായാല്‍ മത്സരം കടുക്കുമെന്നാണ് സിപിഐയുടെയും വിലയിരുത്തല്‍. തങ്ങള്‍ കൂടുതല്‍ സ്വാധീനമുള്ള കൊല്ലം മണ്ഡലം പകരം നല്‍കിയാല്‍ മതിയെന്നും സിപിഐ നേതൃത്വം പറയുന്നു.
തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് ഗൗരവത്തോടെ കാണണമെന്നാണ് മുന്നണി വിലയിരുത്തല്‍. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. 2005 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന്‍ ആണ് തിരുവനന്തപുരത്ത് നിന്നുള്ള സിപിഐയുടെ അവസാന എംപി. സിപിഐക്ക് പകരം സിപിഎം വന്നാല്‍ തിരുവനന്തപുരത്തെ മത്സരം കൂടുതല്‍ കടുപ്പമാകുമെന്നാണ് എല്‍ഡിഎഫ് വിചാരിക്കുന്നത്.