കേരളത്തില്‍ നിയന്ത്രണങ്ങള്‍ എത്ര കാലത്തേക്ക്? എങ്ങനെ തോല്‍പ്പിക്കും കോവിഡിനെ?

തിങ്കള്‍, 14 ജൂണ്‍ 2021 (08:41 IST)
കഴിഞ്ഞ ഒന്നര മാസത്തോളമായി കേരളം കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ അതിരൂക്ഷമായി ബാധിച്ചു. ദിനംപ്രതി രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 30 ന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 12 നും 14 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഭീതി അകലുന്നില്ല. മൂന്നാം തരംഗത്തിനുള്ള സാധ്യതയും വിദൂരമല്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയായിരിക്കും സര്‍ക്കാര്‍ തീരുമാനം. 
 
ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ കുറേകാലത്തേക്ക് തുടരേണ്ടിവരും. മൂന്നാം തരംഗത്തിന്റെ വരവും കോവിഡ് വാക്‌സിനേഷന്‍ നടപടികളും വിലയിരുത്തിയാകും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുക. ആളുകള്‍ക്ക് സ്വതന്ത്രമായി ജോലിക്ക് പോകാനും കടകളും ഓഫീസുകളും തുറക്കാനും സാധാരണ നിലയില്‍ സാധിക്കും. എന്നാല്‍, ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാ മേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിന്‍ എടുത്താന്‍ മാത്രമേ നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കൂ. നിലവില്‍ സംസ്ഥാനത്ത് 25 ശതമാനം ആളുകള്‍ മാത്രമേ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. 
 
ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. വിവാഹ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 തില്‍ കുറവ് മാത്രമായി തുടരും. പൊലീസ് പരിശോധന കര്‍ശനമാക്കും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. പൊതുഗതാഗതത്തിനു അനുമതി ഉണ്ടാകുമെങ്കിലും ട്രെയിനിലും കെഎസ്ആര്‍ടിസിയിലും ടിക്കറ്റ് റിസര്‍വ് ചെയ്താലേ യാത്രക്കാരെ അനുവദിക്കൂ. സ്വകാര്യ ബസുകളില്‍ ഇരുന്ന് മാത്രം യാത്ര. പൊതു സമ്മേളനങ്ങള്‍, ചടങ്ങുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ എന്നിവയ്ക്ക് വിലക്കുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിയന്ത്രണം തുടരും. ജൂലൈ പകുതി വരെ ഇത്തരം നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് എത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവ് അനുവദിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍