അണ്‍ലോക്ക് മാതൃകയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; പ്രതിഷേധങ്ങള്‍ക്കിടയിലും ലോക്ക്ഡൗണ്‍ തുടരാന്‍ കേരളം

തിങ്കള്‍, 14 ജൂണ്‍ 2021 (08:24 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരാന്‍ കേരളം. ജൂണ്‍ 16 ന് ശേഷവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് കേരളം ആലോചിക്കുന്നത്. ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അണ്‍ലോക്ക് മാതൃകയില്‍ ഓരോ ഘട്ടത്തിലും കൂടുതല്‍ ഇളവുകള്‍ അനുവദിക്കാം. അല്ലാതെ, ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്. ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ജനജീവിതം കൂടുതല്‍ സ്തംഭിക്കുമെന്നും പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ജൂണ്‍ 16 ന് ശേഷവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. 
 
ജൂണ്‍ 16 മുതല്‍ പൊതുഗതാഗതം നിയന്ത്രിതമായി അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ദീര്‍ഘദൂര ബസ് റൂട്ട് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇതിനു മാറ്റമുണ്ടായേക്കും. കൂടുതല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തിയേക്കും. വെള്ളിയാഴ്ച നല്‍കിയിരിക്കുന്ന ഇളവ് ആഴ്ചയില്‍ ഒരു ദിവസം കൂടി അനുവദിച്ചേക്കും. കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ച് ഘട്ടംഘട്ടമായി മാത്രം ലോക്ക്ഡൗണ്‍ ഒഴിവാക്കാമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
 
കോവിഡ് മൂന്നാം തരംഗത്തിനു സാധ്യത ഉള്ളതിനാല്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും എല്ലാ മേഖലകളിലും തുടരും. 75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്താന്‍ മാത്രമേ നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കൂ. നിലവില്‍ സംസ്ഥാനത്ത് 25 ശതമാനം ആളുകള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍