കേരളത്തില്‍ ഇനി ലോക്ക്ഡൗണിന് പകരം കടുത്ത നിയന്ത്രണങ്ങള്‍; സാധ്യത ഇങ്ങനെ

ശനി, 12 ജൂണ്‍ 2021 (11:33 IST)
ജൂണ്‍ 16 ന് ശേഷം കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടില്ല. ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ജനജീവിതം ദുസഹമാകുമെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. എന്നാല്‍, കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാവര്‍ക്കും ജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടാക്കി നിയന്ത്രണങ്ങള്‍ ശക്തമായി തുടരണമെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. 
 
ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. വിവാഹ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 തില്‍ കുറവ് മാത്രമായി തുടരും. പൊലീസ് പരിശോധന കര്‍ശനമാക്കും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. പൊതുഗതാഗതത്തിനു അനുമതി ഉണ്ടാകുമെങ്കിലും ട്രെയിനിലും കെഎസ്ആര്‍ടിസിയിലും ടിക്കറ്റ് റിസര്‍വ് ചെയ്താലേ യാത്രക്കാരെ അനുവദിക്കൂ. സ്വകാര്യ ബസുകളില്‍ ഇരുന്ന് മാത്രം യാത്ര. പൊതു സമ്മേളനങ്ങള്‍, ചടങ്ങുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ എന്നിവയ്ക്ക് വിലക്കുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിയന്ത്രണം തുടരും. ജൂലൈ പകുതി വരെ ഇത്തരം നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് എത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവ് അനുവദിക്കൂ. 
 
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 നും 15 നും ഇടയില്‍ തുടരുകയാണ്. ഇന്നലെ 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍