വവ്വാലുകളില്‍ പുതിയ 24 തരം കൊറോണ വൈറസുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയതരം കൊറോണ വൈറസുകളില്‍ നാല് വിഭാഗം വൈറസുകളും കോവിഡ് 19 ന് കാരണമായ വൈറസിനോട് അടുത്തുനില്‍ക്കുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 മേയ് മുതല്‍ 2020 നവംബര്‍ വരെ ശേഖരിച്ച വവ്വാല്‍ സ്രവങ്ങളിലാണ് പഠനം നടത്തിയത്. വവ്വാലുകളുടെ മൂത്രവും കാഷ്ടവും വായയില്‍ നിന്നുള്ള സ്രവങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ ഒരു വൈറസ് സാര്‍ക്-കോവി-2 വൈറസിന് വളരെ അടുത്തുനില്‍ക്കുന്നു. ഇപ്പോള്‍ കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് വവ്വാലുകളില്‍ വ്യാപിച്ചിട്ടുണ്ടെന്ന അനുമാനത്തിലേക്കാണ് ഗവേഷക സംഘം എത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.