മെയ് ഒന്നുമുതല്‍ കൂടിച്ചേരലുകള്‍ പാടില്ലെന്ന് കോടതി; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (15:15 IST)
മെയ് ഒന്നുമുതല്‍ നാല് ദിവസത്തേക്ക് കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. 

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിനിടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഭയപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. 
 
സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 
 
സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
 
സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതലായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍.അനിത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. 

മേയ് നാല് മുതല്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

മേയ് നാല് മുതല്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതേ രീതിയിലുള്ള നിയന്ത്രണങ്ങള്‍ തന്നെയായിരിക്കും മേയ് നാല് മുതല്‍ ഒന്‍പത് വരെ ഏര്‍പ്പെടുത്തുക. പൊതുഗതാഗതത്തിനു അടക്കം നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളെയും നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനാണ് സാധ്യത. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article